ട്രാക്ക് ചെയ്ഞ്ച്
“ദേ, അവൾക്കൊരു കമ്പ്യൂട്ടർ വേണമെന്നാ പറയുന്നത്,,,”
ഭാര്യ പറഞ്ഞത് കേട്ടപ്പോൾ ചായകുടിച്ചുകൊണ്ടിരിക്കുന്ന വാസുവിന്, ആകെ ഒരു കൺഫ്യൂഷൻ; കമ്പ്യൂട്ടർ പഠിക്കാൻ പോകുന്ന മകൾ, ഇനി സ്വന്തമായി വാങ്ങിയ കമ്പ്യൂട്ടറും ചുമന്നാണൊ പഠിക്കാൻ പോകേണ്ടത്?
വാസു ഭാര്യയോട് സംശയം ചോദിച്ചു,
“കമ്പ്യൂട്ടറോ? അതല്ലെ അവൾ പഠിക്കാൻ പോകുന്നത്,,,”
“അതല്ല മനുഷ്യാ, അവിടെ പഠിക്കുന്ന കുട്ടികളുടെയെല്ലാം വീട്ടിൽ കമ്പ്യൂട്ടറുണ്ട്. ഇവിടെയും അതൊന്ന് വാങ്ങിയാൽ പിന്നെ പൊറത്ത് പോകാതെ ബാക്കിസമയം വീട്ടിന്ന്‌തന്നെ പഠിക്കാമെന്നാ അവള് പറയുന്നത്”
മകളുടെ ആവശ്യം അറുപിശുക്കനായ ഭർത്താവിനു മുന്നിൽ അവതരിപ്പിച്ചെങ്കിലും ലളിതകുമാരിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ല. തന്റെ വീട്ടിലും കമ്പ്യൂട്ടർ ഉണ്ടെന്ന് പറയുന്നത് ഒരു ഗമയാണെന്ന് പ്രീഡിഗ്രീ പാസായ അവൾക്ക് നന്നായി അറിയാം. അങ്ങനെയായാൽ കുടുംബശ്രീവക കമ്പ്യൂട്ടറിന്റെ ഹരിശ്രീ കുറിച്ച തനിക്കും അതൊന്ന് ഉപയോഗിക്കാമല്ലൊ…
ആകെയുള്ള ഒരു മകൾ പനപോലെ വളർന്ന് പുരയിൽ നിറയാൻ തുടങ്ങിയിട്ടും വാസുവിന് മനസ്സിൽ ഒരുതരത്തിലുള്ള പേടിയും തോന്നിയില്ല. പുര മാത്രമല്ല, പുരയിടം നിറഞ്ഞാലും സ്വന്തമായി ബിസിനസ് നടത്തി ലാഭം പ്രതീക്ഷിക്കുന്ന വാസു, മകൾക്ക് സ്ത്രീധനമായി കൊടുക്കാനുള്ളതിന്റെ എത്രയോ ഇരട്ടി പൊന്നും പണവും പെട്ടിയിൽ ഭദ്രമായി വെച്ചിട്ടുണ്ടെങ്കിലും, പണംകൊടുത്ത് മകളെ കെട്ടിച്ചുവിടുമെന്ന പ്രതീക്ഷയൊന്നും, അച്ഛനെയും അമ്മ ലളിതകുമാരിയെയും നന്നായി അറിയാവുന്ന മകൾ പവിത്രകുമാരിക്ക് തീരെയില്ല. മരപ്പട്ടിയെ പോലുള്ള വാസുവിനു പറ്റിയ കൂട്ടാണ് ഈനാമ്പേച്ചിയെ പോലുള്ള ഭാര്യ ലളിതകുമാരി. മകളുടെ പഠനനിലവാരം ഉയരുന്നതിനനുസരിച്ച് വിവാഹക്കമ്പോളനിലവാരം താഴുകയും സ്ത്രീധനിലവാരം ഉയരുമെന്നും, കച്ചവടക്കണ്ണുമായി ജനിച്ച വാസുവിന് നന്നായി അറിയാം. ഒരു വൈഫ് ആകുന്നതിനു മുൻപ് ഹൌസ്‌വൈഫ് മോഡലായി മകൾ വീട്ടിലിരിക്കുന്നു എന്ന് പറയുന്നത് വിവാഹമാർക്കറ്റിൽ ഡിമാന്റ് കുറക്കുന്നതിനാൽ പ്ലസ്2 കഴിഞ്ഞ മകളെ ടൈപ്‌റൈറ്റിങ്ങ് പഠിക്കുന്നതിനു പകരം കമ്പ്യൂട്ടർ പഠിക്കാൻ അയച്ചിരിക്കയാണ്.
കമ്പ്യൂട്ടർ പഠനം തുടർന്ന് പോയ്‌ക്കൊണ്ടിരിക്കെ, അങ്ങനെ വർഷങ്ങൾ മൂന്ന് കഴിഞ്ഞിട്ടും ഒപ്പം പഠിച്ചവരുടെയെല്ലാം കഴുത്തിൽ കെട്ട് വീണിട്ടും പവിത്രകുമാരിയുടെ കഴുത്തിൽ മാത്രം കെട്ട് വീണില്ല. മകൾ ഇങ്ങനെ കെട്ടാച്ചരക്കായി വീട്ടിലിരിക്കുന്നതിനു പരിഹാരം കാണാൻ കച്ചവടതന്ത്രങ്ങൾ അറിയാവുന്ന വാസുവും ഭാര്യയും പലതരം തന്ത്രങ്ങൾ മെനഞ്ഞിട്ടും പണത്തിന്റെ കാര്യത്തോടടുക്കുമ്പോൾ പലതും തകർന്നു.
വാസു ചപ്പാത്തി തിന്നുകൊണ്ടെരിക്കെ ആലോചനയിൽ മുഴുകി. ‘ഏകമകളെ കമ്പ്യൂട്ടർ പഠിക്കാനയച്ചത്, പോകുന്ന വഴിയിൽ വല്ലവനും ലൈനാക്കി ഒളിച്ചോടിയാൽ കിട്ടാവുന്ന ലക്ഷങ്ങളുടെ ലാഭം നോക്കിയാണ്, എന്നിട്ടിപ്പോൾ പണം പോയതു മിച്ചം’,
“അല്ല ഇവിടിന്ന് ഒന്നും പറഞ്ഞില്ല”,
പ്രാതൽ കഴിച്ച് എഴുന്നേൽക്കാൻനേരം ഭാര്യ വീണ്ടും ഓർമ്മിപ്പിച്ചു.
“അതൊന്നും വേണ്ട, വലിയ ചെലവാ; പഠിക്കാനുള്ളതെല്ലാം ക്ലാസ്സിൽ പോയി പഠിച്ചാൽ മതി”
വാസു പറഞ്ഞാൽ പിന്നെ രണ്ടാമതൊന്ന് കൂടി ചോദിക്കേണ്ട ആവശ്യം ഇല്ല; വേണ്ട എന്ന് പറഞ്ഞാൽ വേണ്ട എന്ന് തന്നെ. അപ്പോൾ ലളിതകുമാരി ഒരു കാര്യം പറഞ്ഞു,
“നമ്മളെ ഹരിനാരായണൻ മുതലാളിയുടെ വീട്ടിൽ കമ്പ്യൂട്ടർ വാങ്ങിയിട്ടില്ലെ?”
“ഓ, എന്നിട്ട് അത്‌കാരണം മൊതലാളി ആകെ നാണം കെട്ടു, മകള് വീട്ടിലെ കമ്പ്യൂട്ടറിലൂടെ പരിചയപ്പെട്ട ഏതോ നാട്ടിലുള്ള അന്യമതക്കാരനെ കല്ല്യാണം കഴിച്ചില്ലെ?; അതാ ഞാൻ പറഞ്ഞത് ഇവിടെ അതൊന്നും വാങ്ങണ്ടാന്ന്”
“അപ്പോൾ കമ്പ്യൂട്ടർ വാങ്ങുന്നതാ ലാഭം”
“ഏ,, നീയെന്നാ പറഞ്ഞത്?”
പെട്ടെന്ന് ആ പിശുക്കൻ തലയിൽ വെളിച്ചം തെളിഞ്ഞു,
‘ഇവൾ പറയുന്നതിൽ ശരിയാണെല്ലൊ; കമ്പ്യൂട്ടറിലൂടെ പരിചയപ്പെടുന്ന നല്ലൊരു പയ്യൻ മകളെ കല്ല്യാണം കഴിച്ചാൽ ശരിക്കും ലാഭമാണല്ലൊ’. ഏറെനേരം ചിന്തിച്ച വാസു ഭാര്യയോട് പറഞ്ഞു,
“നീ പറഞ്ഞതു ശരിയാ, ഒരേയൊരു മകളല്ലെ, അവളുടെ ഇഷ്ടംപോലെ നടക്കട്ടെ, നമുക്കുള്ളതെല്ലാം അവൾക്കല്ലെ”
ഇതുകേട്ടപ്പോൾ റിയാലിറ്റി ഷോയിൽ ‘ഇൻ’ ആയതുപോലെ, ലളിതകുമാരി സന്തോഷംകൊണ്ട് വീർപ്പുമുട്ടി. കുടുംബശ്രീ വഴി അക്ഷയസെന്ററിൽ നിന്നും കമ്പ്യൂട്ടർ പഠിച്ചതിനുശേഷം കീബോർഡ് ടച്ച് ചെയ്യാനാവാത്തതിനാൽ സ്റ്റക്ക്‌ആയ അവളുടെ വിരലുകളിൽ നേരിയ തരിപ്പ് അനുഭവപ്പെട്ടു.
പിറ്റേദിവസം ഉച്ചകഴിഞ്ഞപ്പോൾ കമ്പ്യൂട്ടർ വിത്ത് ആക്സസറീസും, അത് സെറ്റ് ചെയ്യാനുള്ള രണ്ട് ചെറുപ്പക്കാരുമായി വാസു വീട്ടിൽ വന്നു. എവിടെ ഫിറ്റ് ചെയ്യണം എന്ന കാര്യത്തിൽ ഭാര്യക്കും ഭർത്താവിനും ഏകാഭിപ്രായം, അപ്‌സ്റ്റെയറിലുള്ള മകളുടെ ബെഡ്‌റൂമിൽ തന്നെ. അവിടെയിരുന്ന് മകൾ ഇഷ്ടംപോലെ കമ്പ്യൂട്ടർ പഠിച്ച് ചാറ്റിങ്ങോ മെയിലിങ്ങോ ചെയ്യട്ടെ.
എന്നാലും വാസു ഭാര്യയെ ഉപദേശിക്കാൻ മറന്നില്ല,
“എടീ, നിന്റെ ഒരു കണ്ണ് എപ്പോഴും അവളുടെ കൂടെയുണ്ടാവണം. കണ്ട എരപ്പാളികളുമായൊന്നും എടപാട് വേണ്ടായെന്ന് അവളോട് പറഞ്ഞേക്കണം”
“അതുപിന്നെ ഇങ്ങേരുടെ മോളല്ലെ, പിടിക്കുമ്പോൾ പുളിങ്കൊമ്പ്‌തന്നെ പിടിക്കാൻ അവൾക്കറിയാം”
“എന്നാലും പണിയൊന്നുമില്ലാത്ത നേരത്ത് നീയും അവളുടെ ഒന്നിച്ച് ഉണ്ടാവണം”
അങ്ങനെ വാസുവിന്റെ വീട്ടിലെ തുറന്ന വാതിലിലൂടെ കമ്പ്യൂട്ടറും ഒപ്പം വൈറസുകളും പ്രവേശിച്ചു.
പവിത്രകുമാരി പകൽ കമ്പ്യൂട്ടർ സെന്ററിലും രാത്രി വീട്ടിലും ഷിഫ്റ്റ്‌സിസ്റ്റം സോഫ്റ്റ്‌വെയറുകൾ പലതും ഇൻസ്റ്റാൾ ചെയ്ത് പഠനം പൊടിപൊടിച്ചു. വീട്ടിൽ മകളോടൊപ്പം അമ്മ ലളിതകുമാരിയും ചേർന്ന്, അവർ ബൂലോകം ചുറ്റി സഞ്ചരിക്കാൻ തുടങ്ങി;
ആരാദ്യം നെറ്റിൽ കുടുങ്ങും?,
തന്റെമകൾ ആരേ കുടുക്കും?
തുടക്കത്തിൽതന്നെ മകളുടെ പാസ്‌വേഡ് മനസ്സിലാക്കിയ അമ്മ, അവളില്ലാത്ത നേരത്ത് ഇൻബോക്സ് ചെക്ക് ചെയ്യുന്നത് പതിവാക്കി. ഒരു വീട്ടമ്മയാണെങ്കിലും അവർക്ക് റിയാലിറ്റി ഷോ കാണാനും നുണപറയാനും നേരം കിട്ടതായി.
എന്നും രാത്രി വാസു ഭാര്യയോട് ചോദിക്കും,
“എടി നമ്മുടെ മോളുടെ കാര്യം എന്തായി?”
“തെരക്ക്കൂട്ടണ്ട മനുഷ്യാ അതിനെല്ലാം ഒരു നേരോം കാലോം വേണം”
“അവള് കമ്പ്യൂട്ടർ തൊറക്കുന്ന നേരത്ത് നിന്റെ രണ്ട് കണ്ണും ഒണ്ടാവണം, അവസാനം ഏതെങ്കിലും അലവലാതിയുടെ ഒപ്പം മോള് പോകാതിരിക്കാൻ നോക്കണം. നാണക്കേട് നിനക്കല്ല, എനിക്കാ”
“അത്‌പിന്നെ ഇയാള് പറയണോ? കമ്പ്യൂട്ടർ തൊറക്കുന്ന നേരത്ത് എന്റെ ഒരുകണ്ണ് കമ്പ്യൂട്ടറിലും മറ്റേത് അവളുടെ മേലെയുമാണ്”
ആശ്വാസ-വിശ്വാസത്തോടെ അമ്മയും അച്ഛനും സുഖമായി ഉറങ്ങും നേരത്ത്, ഏകമകൾ ബൂലോകത്തിന്റെ ജാലകങ്ങൾ ഓരോന്നായി തുറന്നിട്ട് സല്ലപിക്കാൻ തുടങ്ങി. ചിലപ്പോൾ ആ സല്ലാപം പുലരുന്നതുവരെ നീളാൻ തുടങ്ങിയപ്പോൽ സിസ്റ്റം ഓഫാക്കാൻ അവൾ മറന്നു. അമ്മയാണെങ്കിൽ പെട്ടെന്ന് അടുക്കളജോലികൾ ചെയ്തുതീർക്കാൻ തുടങ്ങി. കൂടുതൽ സമയം കമ്പ്യൂട്ടറിനു മുന്നിൽ ചെലവഴിക്കാനായി ആ വീട്ടിലെ ജീവിതത്തിന് ഒരു പുത്തൻ താളം ആവിഷ്‌ക്കരിച്ചു.
വാസുവിന് ഒരു പതിവുണ്ട്,,,
ഉറങ്ങുന്നതിന്‌മുൻപ്, സ്വന്തമായി സമ്പാദിച്ച സ്വർണ്ണവും പണവും കൺകുളിർക്കെ നോക്കി ആനന്ദത്തിൽ മുഴുകും.
നല്ല വില കൊടുത്താൽ മകൾക്ക് നല്ലൊരു പയ്യനെ കിട്ടുമെങ്കിലും വീട്ടിൽനിന്ന് പോകുന്ന പെണ്ണിന്, എന്തിനാണ് ഇത്രയും പണവും സ്വർണ്ണവും? സ്ത്രീധനപരിപാടി കണ്ടുപിടിച്ചവനെ വാസു മനസാ ശപിക്കാൻ തുടങ്ങി.
ഒരു ദിവസം നട്ടുച്ചനേരം,,,
പത്തികിലോ പഞ്ചാര വിറ്റതിന്റെ പണം വാങ്ങി എണ്ണിനോക്കി പണപ്പെട്ടിയിൽ നിക്ഷേപിക്കാൻ നേരത്താണ് വാസുവിന് സ്വന്തം മകൾ പവിത്രകുമാരിയുടെ ഫോൺ വിളി വന്നത്, “അച്ഛാ, അച്ഛനുടനെ വീട്ടിൽ വരണം. ഇവിടെ അമ്മയെ കാണാനില്ല, വീട് പൂട്ടിയിട്ടുമില്ല”
“വീട് പൂട്ടാതെ അവളെവിടെ പോകാനാ? നീ എല്ലായിടത്തും നോക്ക്,”
“ഞാൻ എല്ലായിടത്തും നോക്കി, അച്ഛൻ പെട്ടന്നിങ്ങ് വരണം”
പെട്ടെന്ന് കടയടച്ച്, കിട്ടിയ ഓട്ടോപിടിച്ച് വീട്ടിലോടിയെത്തിയ വാസു കണ്ടത് കരഞ്ഞുകലങ്ങിയ മകളെയാണ്.
വാസുവും മകളോടൊത്ത് അന്വേഷണം തുടങ്ങി.
അടുക്കളയിൽ, ബാത്ത്‌റൂമിൽ, ലിവിംഗ്‌റൂമിൽ, ഡൈനിംഗ്‌റൂമിൽ, ബെഡ്‌റൂമിൽ, സ്റ്റോർറൂമിൽ,,,, അങ്ങനെ അന്വേഷണം പുരോഗമിച്ചപ്പോൾ,,,
ഒടുവിൽ വീട്ടിലെ ആഴമുള്ള കിണറ്റിൽ വാസു നോക്കുന്നതിനു മുൻപ് മകൾ അത് കണ്ടെത്തി,
കീബോർഡിന്റെ അടിയിൽ A4പേപ്പറിൽ നീലമഷിയിൽ പ്രിന്റ് ചെയ്ത ഒരു അറിയിപ്പ്,
ആ അറിയിപ്പ് മകൾ വായിച്ചു,
“എന്റെ പ്രീയപ്പെട്ട ഭർത്താവും മകളും അറിയാൻ
ഞാൻ പോകുന്നു,,,
എന്നെ സ്നേഹിക്കുന്ന, ഇത്രയും കാലം ചാറ്റിങ്ങിലൂടെ മാത്രം അറിഞ്ഞിരുന്ന രാജുമോന്റെ കൂടെ ഞാൻ പോകുന്നു. രാവിലെ ചേട്ടൻ കടയിലേക്ക് പോയ ഉടനെതന്നെ അദ്ദേഹം ഇവിടെ വന്നു. ചേട്ടൻ ഇനി ഞങ്ങളെ അന്വേഷിക്കരുത്,
പിന്നെ എന്റെ സ്വന്തമായ സ്വർണ്ണം കൂടാതെ ചേട്ടൻ മകൾക്കായി സമ്പാദിച്ച നൂറ് പവൻ സ്വർണ്ണവും അഞ്ച് ലക്ഷം രൂപയും കൂടി ഞാൻ എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ ചേട്ടനും മകളും എനിക്ക് മാപ്പ് തരുമെന്നറിയാം. ചേട്ടാ, ഇനി ഞങ്ങൾക്ക് ജീവിക്കാൻ പണം വേണ്ടെ;
എന്ന്
ലളിതകുമാരി (ഒപ്പ്)”
No comments:
Post a Comment