വായിച്ചുമടുക്കാത്ത മഹാനായ വായനക്കാരന്‍ വിടപറയുമ്പോള്‍ അറിവിന്റെയും അനുഭവത്തിന്റെയും വലിയ ഒരു അധ്യായമാണ് ഇല്ലാതായിരിക്കുന്നത്.
മലയാളികള്‍ക്ക് ലോകരാഷ്ട്രീയത്തിലെ ചലനങ്ങള്‍ പറഞ്ഞുകൊടുത്ത പി.ജി പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മെയ് 25 നായിരുന്നു ജനിച്ചത്. നിലപാടുകള്‍ തുറന്ന് പറഞ്ഞതിനാല്‍ പാര്‍ട്ടി നടപടികള്‍ നേരിട്ട പി.ജി അവസാനം വരെ വഴിമാറി നടക്കാതെ സി.പി.ഐ.എമ്മിനോടൊപ്പം നിന്നു. പാര്‍ട്ടിയില്‍ സൈദ്ധാന്തികനായ ആശയപ്രചരണത്തിന്റെ ഭാഗമായി പാര്‍ട്ടി പത്രത്തിന്റെയും വാരികയുടെയും പത്രാധിപരായ 1964 മുതല്‍ 1982 വരെ ഈ സ്ഥിതി തുടരുകയായിരുന്നു. ആ സമയത്താണ് ലോകരാഷ്ട്രീയത്തെ വിശകലനം ചെയ്തുകൊണ്ട് പി.ജി കോളങ്ങള്‍ തുടങ്ങിയത്. ഇത് പിന്നീട് കൈരളിയില്‍ പി.ജിയും ലോകവും എന്ന പേരില്‍ ലോകരാഷ്ട്രീയത്തെയും സംഭവികാസങ്ങളെയും വിശകലനം ചെയ്യുന്നതിലേക്ക് വരെ നീണ്ടു.യൗവ്വനത്തില്‍ സന്യാസത്തിന്റെ വഴിയെ നടന്ന പി.ജി ആഗമാനന്ദ സ്വാമികളുടെ ശിഷ്യനായി ദീര്‍ഘകാലം കാലടി ശങ്കരാശ്രമത്തിലായിരുന്നു. പഠനകാലത്ത് രാഷ്ട്രീയത്തില്‍ തല്‍പരനായിരുന്ന അദ്ദേഹത്തിന് ഗാന്ധിമാര്‍ഗ്ഗത്തിലായിരുന്നു രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്.കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ തല്‍പരനായ പി.ജി 1946 ലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്ക് വരുന്നത്. 1964 ല്‍ പാര്‍ട്ടി പിളര്‍ന്ന സമയത്ത് സി.പി.ഐ.എമ്മിലായിരുന്നു പി.ജി നിലയുറപ്പിച്ചത്. ആശയപ്രചരണത്തിനായി ഇ.എം.എസിനോടൊപ്പം സംയുക്തമായി പുസ്തകങ്ങള്‍ എഴുതുകയും അന്റോണിയോ ഗ്രാംഷി എന്ന ഇറ്റാലിയന്‍ ചിന്തകനെ ഇടതുപക്ഷപ്രവര്‍ത്തകര്‍ക്ക് സുപരിചിതനാക്കി തീര്‍ത്തത് ഇരുവരുടെയും യോജിച്ച പ്രവര്‍ത്തനമായിരുന്നു.പുതിയ ചിന്തകരെയും ആശയങ്ങളെയും പരിചയപ്പെടുത്തുമ്പോള്‍ തന്നെ ‘സ്‌നിഗ്ദ്ധനായ ചിന്തകന്‍ വരിഷ്ഠനായ വിപ്ലവകാരി’ എന്ന പേരില്‍ എങ്കല്‍സിന്റെ ജീവിതത്തെ കുറിച്ചും ചിന്തകളെക്കുറിച്ചും വിശദമായ ഒരു കൃതിയും അവസാനകാലത്ത് പി.ജി എഴുതുകയുണ്ടായി. ‘വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരികചരിത്രം’ ഉള്‍പ്പെടെ ഇരുപതോളം പുസ്തകങ്ങളും അദ്ദേഹത്തിന്റെ പേരിലായിട്ടുണ്ട്.‘സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി’ (സിഡിറ്റ്)യുടെ സ്ഥാപക ഡയറക്ടറായിരുന്നു പി.ജി. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, കോഴിക്കോട് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം, പുരോഗമന കലാസാഹിത്യസംഘം സ്ഥാപകാംഗം, കേന്ദ്രസാഹിത്യ അക്കാദമി അംഗം, ‘ഇപ്റ്റ’ സംസ്ഥാന വൈസ് പ്രസിഡന്റ്, കൈരളി, ജനശക്തി ഫിലിം സൊസൈറ്റിയില്‍ സ്ഥാപകാംഗം എന്നീ നിലകളില്‍ വിവിധ മേഖലകളില്‍ പി.ജി. വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.