Translate

30/05/2012


മേയ് രണ്ടാന്തി. മാതൃഭുമിയും മനോരമയുമൊന്നുമിറങ്ങാത്ത ദിവസം. ഉണ്ണിമൂലം ഇന്റര്‍വ്യൂ കഴിഞ്ഞു വീട്ടിലേക്കു കയറി. പരിചയപെടുത്താന്‍ മറന്നു, ഇതാണ് ഉണ്ണിമൂലം. പേര് ഉണ്ണി, നാള് മൂലം. അങ്ങനെ വീണ ഇരട്ടപേരാണ് ‘ഉണ്ണിമൂലം’. പേരും നാളും ചേര്‍ന്നൊരു പേര് ! ഉമ്മറത്ത്‌ നിന്ന് അച്ഛന്‍ മാമുക്കോയയുടെ ചിരിചിരിച്ച്, തിലകന്റെ ശബ്ദത്തില്‍ ചോദിച്ചു, “ജോലി കിട്ടിയോടാ?” “ഇല്ലച്ഛാ, ഈ ഇന്റര്‍വ്യൂവും കമ്പനിക്കടിച്ച്.” സ്ഫടികവും, നരസിംഹവും കണ്ടിട്ടാണോ എന്നറിയില്ല, കേരളത്തിലെ ഒരുമാതിരിപെട്ട അച്ചന്മാരൊക്കെ ഒരു തിലകന്‍ ലൈനാണ്. പിതാശ്രീ എഴുതി തയ്യാറാക്കി വെച്ച സംഭാഷണം പറഞ്ഞു തുടങ്ങി. “കിട്ടില്ലെടാ കിട്ടില്ല. നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞതാ, നിനക്ക് ജോലി കിട്ടാത്തിന്റെ കാരണം എന്തോ ജാതകദോഷാണെന്ന്‍ ….. നിനക്കിപ്പോ മോശം സമയാ. ആ സോമന്‍ പണിക്കരുടെ അടുത്ത് പോയി ഒന്ന് പ്രശ്നം വെച്ച് നോക്കാന്‍ പറഞ്ഞാ കേള്‍ക്കില്ല. അതിനൊക്കെ എന്റെ മോള്,18 വയസല്ലേയുള്ളൂ എന്നാലോ, നിന്നേക്കാള്‍ അനുസരണയുണ്ട്. നീ അവളെ കണ്ടു പഠി.” ദിപ്പം പറഞ്ഞ ആ സഹോദരിയുണ്ടല്ലോ , ലവളാണ് അച്ഛന്റെ പതിനെട്ടാം പട്ട തെങ്ങ് !, എന്ട്രന്‍സ് കോച്ചിങ്ങിനു പോയി കൊണ്ടിരിക്കുന്ന അവളിലാണ് അച്ഛന്റെ പ്രതീക്ഷകളത്രയും. അച്ഛന്‍ തുടര്‍ന്നു, “അവളെ കെട്ടിച്ചയക്കാനുള്ള പൈസ നീ ഉണ്ടാക്കിക്കോണം, എന്‍റെ കയ്യില്‍ ഇനിയൊന്നുമില്ല”. ഇതാണ് ഉണ്ണിയുടെ മുന്നിലുള്ള,ഉണ്ണി ചാടികടക്കേണ്ട, നൂറ്റിപത്തേകോലടി ഉയരമുള്ള ഹര്‍ഡില്‍സ്! അച്ഛന്‍ അടവ് മാറ്റി ചവിട്ടി, സെന്റി ലൈന്‍ . “മോനെ നീയെന്താ ഞങ്ങടെ വിഷമം മനസ്സിലാക്കാത്തെ? നിനക്ക് കൂടി വേണ്ടിയല്ലേ ഈ പറയുന്നത്,ദൈവത്തെയോര്‍ത്ത് നീ ആ പണിക്കരുടെ അടുത്തൊന്നു പോ “ ഒരച്ഛന്റെ രോദനം !, സുരേഷ്ഗോപി സെന്റിയാവുന്നതൊക്കെ ഇതിലും എത്രയോ ഭേദമാണ്. ആ സീന്‍ ഇനിയും കണ്ടു നില്‍ക്കാന്‍ ത്രാണിയില്ലാത്തതു കൊണ്ട് ഉണ്ണിമൂലം സമ്മതിച്ചു. ” ഞാന്‍ നാളെ രമണനെയും കൂട്ടി പോയ്‌ക്കോളാം.” രമണന്‍ ! ഉണ്ണിമൂലത്തിന്റെ മെയിന്‍ കമ്പനിക്കാരനാണ്. ഈയിടെയായി ജിമ്മില്‍ പോയി സൈസാവാന്‍ തുടങ്ങിയ ശേഷം, സല്‍മാന്‍ഖാന്‍ ഷര്‍ട്ടിടുന്നപോലെ മിനിമം മൂന്നു കുടുക്കെങ്കിലും തുറന്നിട്ടേ നടക്കൂ. ഇത്ര വെയില് കൊള്ളിക്കാന്‍ ഇവനെന്താ നെഞ്ചത്ത്‌ കൊപ്ര ഉണക്കാന്‍ ഇട്ടിട്ടുണ്ടോ ആവോ? പണിക്കര്‍ക്ക് ഡിഗ്രിക്ക് പഠിക്കുന്ന ഒരു മോളുണ്ട്‌ എന്ന് പറഞ്ഞപ്പോ അന്നത്തെ മണല്‍ കയറ്റുമതി-ഇറക്കുമതിയില്‍ നിന്നും ലീവെടുത്ത് രമണന്‍ ഉണ്ണി മൂലത്തിന്റെ കൂടെ ചെന്നു. ബസ്സിറങ്ങി പണിക്കരുടെ വീട്ടിലേക്ക് നടക്കുമ്പോഴും രമണന്‍ ചോദിച്ചു , “ഉണ്ണി മൂലാ……ഇന്ന് ഓള്‍ക്ക് ക്ളാസില്ലാലോ ലെ ?” “ഇല്ലെന്‍റെ രമണാ” വാതില്‍ തുറന്നത് മോളായിരുന്നു, രമണന് വന്നത് മൊതലായി ! സോമന്‍ പണിക്കര് കണ്‍സല്‍ട്ടിംഗ് റൂമിലേക്ക്‌ വന്നിരുന്നു. ആനിമേഷന്‍ സില്മേലെ വില്ലന്റെ മുഖം ! “എന്താ പേര് “? ഇത് കേട്ടപാട് രമണന്‍ ഉണ്ണിമൂലത്തിന്റെ ചെവിയില്‍ പറഞ്ഞു “പണിക്കര് പല്ലേച്ചിട്ടില്ലാ” എന്നിട്ട് ഉത്തരവും അവന്‍ തന്നെ പറഞ്ഞു, “ഉണ്ണിമൂലം” ഉണ്ണി തിരുത്തി, “പേര് ഉണ്ണി, നാള് മൂലം”, ഇച്ചിരി ജാള്യതയോടെ. “ഇതിലിത്ര നാണിക്കാനൊന്നുമില്ല, ന്റെ നാളും മൂലാ.” “അത് പണിക്കരുടെ മുഖത്തെഴുതിവെച്ചിട്ടുണ്ട്.” വീണ്ടും രമണന്‍ ! രമണന്‍ മെന്‍ഷന്‍ ചെയ്ത ആ മുഖം മാറി . “മിസ്റ്റര്‍ ഉണ്ണിമൂലം, ഇതാരാ ?” അങ്ങനെ ഇപ്പ കണ്ട പണിക്കര് വരെ വിളിച്ചു ! “എന്റെ ഫ്രണ്ടാ” ബിഗ്‌ ബി ലെ മമ്മൂട്ടിടെ പോലെ, മുഖത്തെ പേശികളനക്കാതെ പണിക്കര് പറഞ്ഞു, “ജീവിതം ഗോപിയാവാന്‍ ഇങ്ങനെ ഓരോന്നിനെ ഫ്രെണ്ടായിട്ടു കിട്ടിയാ മതി, കേതുവും കുജനുമൊന്നും വേണ്ട.” പണിക്കരും മോശമില്ലല്ലോ ! ഉണ്ണിമൂലം രമണനോട്‌ വായ തുറക്കാതിരിക്കാന്‍ ആഗ്യം കാണിച്ചു . അന്ത കാലത്തെ രണ്ടുര്‍പ്പ്യയുടെ പോക്കറ്റ് ഡയറിയില്‍ എഴുതിയ തന്റെ ജാതകം, ഉണ്ണിമൂലം പണിക്കര്‍ക്ക് കൊടുത്തു. . . . . . . . . ഫുള്‍ ബോട്ടില് വിസ്കി വാങ്ങി, ഒന്നാം പെഗ്ഗില് വാള് വെച്ച് കുപ്പിയെ നോക്കിയിരിക്കണ പോലെയാണ് പണിക്കര് ജാതകം നോക്കി കഷ്ടം വെച്ചിരിക്കുന്നത് . “ഉണ്ണിമൂലാ…. അന്‍റെ ജാതകം ഇത്രക്ക് അലമ്പാ ….?” ഉണ്ണിക്ക് പേടിയായി തുടങ്ങി, അവന്‍ വിളിച്ചു , “വൈദ്യരേ…..ഛെ പണിക്കരേ” “ആ….അ….ഈ ജാതകക്കാരന്‍ ജീവിച്ചിരിപ്പുണ്ടോ?” ഭും! പണിക്കന്മാരുടെ തുറുപ്പുഗുലാന്‍ !! . ആ ഒരൊറ്റ ചോദ്യത്തില്‍ ഏതു ജാതകക്കാരന്റെ മനസ്സും അല്‍കുല്‍ത്തായിട്ടുണ്ടാവും. “അത് ഇവന്റെ ജാതകാ……” രമണന്‍ പറഞ്ഞു . പണിക്കരുടെ മുഖത്തേക്ക് വിഷാദം തികട്ടി വന്നു . രമണന്‍ ഉണ്ണിമൂലത്തിന്റെ മുഖത്തേക്ക് നോക്കി, ബലാല്‍സംഗം ചെയ്യാന്‍ മുറിയിലേക്ക് കയറിയ ബാലന്‍ കെ നായരെയും, ജോസ് പ്രകാശിനെയും ഒരുമിച്ചു കണ്ട നായികയുടേത്‌ പോലെണ്ട് ആ മുഖം. പണിക്കര് കവടി എടുത്തു, വീടിന്റെ പ്ലാന്‍ പോലുള്ള ചതുരക്കള്ളികളില്‍ തോന്നിയിടത്തോക്കെ വെച്ചു. എന്നിട്ട്, അത് നോക്കി ഒരറ്റത്ത് നിന്ന് പറഞ്ഞു തുടങ്ങി. “അനിഷ്ട സ്ഥനായ ശനിയുടെ ദശാകാലമാണ്, വാഹന നാശം, പുണ്യകര്‍മ്മ ദോഷം, പോലീസ് കേസ്, കോടതി വ്യവഹാരം ഇവകൊണ്ട് ദുരിതമുണ്ടാവും. കുജന്‍ ജന്മത്തിലാണ് ദേഹങ്ങള്‍ക്കും കാര്യങ്ങള്‍ക്കും ഭംഗം സംഭവിക്കുക ഫലം. ശനി നാലമിടത്താണ് മനോദുഖവും, ധനനഷ്ടവും……….” പിന്നെ ഒക്കെയൊരു പൊകയായിരുന്നു, ഉണ്ണിയുടെ ചുറ്റും. മരണം മാത്രം സംഭവിക്കുമെന്ന് പറഞ്ഞില്ല , ബാക്കി എല്ലാമായി. വാഷിംഗ് മെഷീന്‍ റിന്‍സില്‍ ഇട്ട പോലെയാണ് ഉണ്ണിമൂലത്തിന്റെ നെഞ്ചു പെടച്ചിരുന്നത്. പണിക്കര് അവസാനം പറഞ്ഞു, “ഒന്നും തോന്നരുത്, ഞാന്‍ ഉള്ളത് ഉള്ളത് പോലെ പറയും. തനിക്കു വെഷമായെങ്കില്‍ ക്ഷമിക്ക്യാ” രമണന്റെ കണ്ട്രോള് പോയി, “ഗോളടിച്ചിട്ടു ഗോളിടെ മുഖത്ത് നോക്കി ‘സോറി’ ന്ന് പറഞ്ഞിട്ട് എന്ത് കാര്യാടോ പണിക്കരെ ?” വെള്ളം നിറച്ച കണ്ണുമായി ഉണ്ണിമൂലം ചോദിച്ചു “പ്രതിവിധി വല്ലതും ?” പേരറിയാത്ത ഒരുപാട് അമ്പലങ്ങളുടെ പേരും, കൊട്ടക്കണക്കിനു വഴിപാടുകളുടെ ലിസ്റ്റും പണിക്കര് ചാര്‍ത്തെഴുതികൊടുത്തു. രമണന്‍ സ്വകാര്യം പറഞ്ഞു “ഉണ്ണിമൂലാ….. ഇരുന്നൂറ് ഉര്‍പ്പ്യ ദക്ഷിണ കൊടുക്കാനല്ലേ അമ്മ പറഞ്ഞത് ? അമ്പത് കൊടുത്താ മതി. പറയണേല് ഒരു മയമൊക്കെ വേണ്ടേ ?” ദക്ഷിണ കൊടുത്തു പുറത്തിറങ്ങുമ്പോള്‍ പണിക്കര് പറഞ്ഞു “ഇനിയും വരണേ….” “ഉവ്വ”. അമാവാസി രാത്രി ടോര്‍ച്ചെടുക്കാതെ പുറത്തിറങ്ങിയവനെ പോലെയാണ് ഉണ്ണിമൂലം ബസ്സ്‌സ്റ്റോപ്പിലേക്ക് നടന്നത് . ബസ്സ്‌സ്റ്റോപ്പില്‍ അവന്‍ വിദൂരതയിലേക്ക് നോക്കി നിന്നു.ബസ്സ് വന്നതും, രമണന്‍ കേറിയതൊന്നും ഉണ്ണിയറിഞ്ഞില്ല . “ഉണ്ണിമൂലാ കേറടാ…..” ആ വിളി കേട്ടുണര്‍ന്ന ഉണ്ണിമൂലം, നീങ്ങി തുടങ്ങിയ ബസ്സിലേക്ക് ചാടികയറി . അതുവരെ അട്ടത്ത് നോക്കിനിന്ന്‍, ബസ്സെടുത്തപ്പോള്‍ ചാടികയറിയ അവനോടു കിളി സുന്ദരന്‍ ഡയലോഗടിച്ചു “മോനെ ഡാ…..ബസ്സ് പോയാ വേറെ ബസ്സ് വരും, പക്ഷെ നിന്‍റെ കാറ്റുപോയാല്‍ വേറെ കാറ്റ് വരാനില്ല”,എന്നിട്ട് ഡബിള്‍ ബെല്ലടിച്ചു. “കാറ്റൊക്കെ പോയി” ഉണ്ണിമൂലം സെന്റിയായി . എന്തുപറ്റിയെന്ന ഭാവത്തില്‍ കിളി, രമണനെ നോക്കി. രമണന്‍ മറുപടി കൊടുത്ത് , “ഏയ്‌, ഒന്നൂല്യ…..ഒരു ഭൂതം , ഭാവി പറഞ്ഞ വര്‍ത്തമാനം കേട്ടതാ.!” വഴിപാടു സീസണ്‍ തുടങ്ങി. അമ്പലങ്ങളില്‍ പോയി ‘പേര് ഉണ്ണി, നാള് മൂലം’ എന്ന് പറഞ്ഞ് പറഞ്ഞ് ഉണ്ണിമൂലത്തിന് തന്നെ മടുത്തു തുടങ്ങി. പക്ഷെ ജീവിതം കഴിച്ചിലാവും എന്ന് അവനു ചെറിയൊരു പ്രതീക്ഷ വന്നു തുടങ്ങിയിട്ടുണ്ടായിരുന്നു. ഗണപതിക്ക് ഒറ്റ കഴിച്ച്, ആ ഒറ്റ മുഴുവന്‍ ഒറ്റയ്ക്ക് കഴിച്ച്, അമ്പലത്തില്‍ നിന്ന്‍ തന്‍റെ സ്പ്ലെണ്ടറില്‍ അടിച്ചുമിന്നി വരുമ്പോഴാണ് ആ വിശേഷം സംഭവിക്കുന്നത്‌ . തോളത്തൊരു എയര്‍ബാഗ് തൂക്കി, അതിലും കൂടുതല്‍ എയറും പിടിച്ചു നിന്നിരുന്ന ഒരുത്തന്‍ വണ്ടിക്കു കൈ കാണിച്ചു. ഉണ്ണിമൂലം ശുദ്ധനല്ലേ ?ലിഫ്റ്റ്‌ കൊടുത്തു. ബൈക്ക് ഓടിക്കൊണ്ടിരിക്കവേ, ഉണ്ണി അയാളെ പരിചയപെട്ടു, പേര് മഹേഷ്‌ . “എങ്ങോട്ടാ?” മഹേഷ്‌ ഇച്ചിരി നാണത്തോടെ മറുപടി പറഞ്ഞു “ഒളിച്ചോടാണ്, കുട്ടി ബസ്സ്‌ സ്റ്റാന്റില്‍ കത്ത് നിക്ക്ണ്ട്” ഒളിച്ചോടുമ്പോ വരെ ലിഫ്റ്റ്‌ ചോദിച്ചു പോകുന്ന ഈ ഹ്യൂമന്‍ ബീയിങ്ങിനെയൊക്കെയാണ് തൊഴേണ്ടത്. “കുട്ടി എവിടെള്ളതാ ?” “ഇവിടെ അടുത്തുള്ളതാ…..കുമാരന്‍ മാഷിന്റെ മോള്, ഇന്ദു .” ങേ ! എന്‍റെ അച്ഛന്‍ , എന്‍റെ പെങ്ങള്‍ !! അപ്പൊ. അളിയനാണ് പിന്നില്‍ അള്ളിപിടിച്ചിരിക്കുന്നത് . വെറുതെയല്ല ഇന്ന് രാവിലെ പുന്നാര പെങ്ങള്‍ ഒരു സ്റ്റീല്‍ഗ്ലാസ് അച്ഛന്‍റെയും, അമ്മയുടെയും, എന്‍റെയും കാലിന്‍റെ ചോട്ടില്‍ കൊണ്ടിട്ട് കുനിഞ്ഞെടുത്തത്. ആങ്ങളയുടെ ബൈക്കില്‍ ചെന്ന് പെങ്ങളെ അടിച്ചോണ്ട് പോകാന്‍ പോകുന്ന ഈ അളിയനുണ്ടല്ലോ, ഈ അളിയനാളിയാ അളിയന്‍ ! ഉണ്ണിമൂലത്തിന് പക്ഷെ, സന്തോഷം അലതല്ലുകയായിരുന്നു. പണിക്കര് കവടി നിരത്തി പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്ത് ചിരിവന്നു. എന്തൊക്കെയാ പറഞ്ഞത് ! കണ്ടകശനി, രാഹു, കേതു, എന്നേം കൊണ്ടേ പോവൂ, അഞ്ചു കൊല്ലത്തേക്ക് നല്ലതൊന്നും പ്രതീക്ഷിക്കണ്ട…..ഇതെന്താ അപ്പൊ നല്ലതല്ലേ? ഇതിലും നല്ലതിനിയൊന്നും തന്‍റെ ജീവിതത്തില്‍ സംഭവിക്കാനില്ല. ഈ യാത്ര അവസാനിക്കുമ്പോ തനിക്ക് ആറേഴ് ലക്ഷം രൂപയാ ലാഭം. ഇനി സ്വര്‍ണ്ണത്തിനു വില കൂടിയാലെന്ത്, കുറഞ്ഞാലെന്ത്? അഞ്ചു പൈസ ചെലവില്ലാതെ തന്‍റെ പെങ്ങളെ കൊണ്ടുപോകുന്ന ആ മഹാത്മാവിനെ ഉണ്ണിമൂലത്തിന് കെട്ടിപിടിക്കാന്‍ തോന്നി ഇറങ്ങാന്‍ നേരം, വഴിച്ചിലവിനു ഒരഞ്ഞൂറു ഉര്‍പ്പ്യ പോക്കറ്റിലിട്ടു കൊടുക്കണം . ഉണ്ണിക്കു പിന്നെയും ചിരി വന്നു….. മണ്ടയില്ലാത്ത പതിനെട്ടാംപട്ട തെങ്ങിന്‍റെ തേങ്ങയിടാനാണല്ലോ അച്ഛന്‍ പതിനെട്ടു കൊല്ലം തളപ്പും പിടിച്ചു നിന്നത് !! പുന്നാരമോള്‍ ഒളിച്ചോടി എന്ന് വീട്ടിലറിയുമ്പോള്‍ സീനായിരിക്കും. അച്ഛന്‍ റേഷന്‍ കാര്‍ഡില്‍ നിന്നു ഓള്‍ടെ പേര് വെട്ടും, അമ്മ വീട്ടില്‍ നിന്നും T.C കൊടുക്കും. അതോടെ ഓള്‍ടെ പേരിലുള്ള ഒരേക്ക്ര പാടവും എനിക്ക് കിട്ടും, വീണ്ടും ലാഭം ! അഞ്ഞൂറല്ല, ആയിരം കൊടുക്കണം . സ്വപ്നം കണ്ടു ബസ്‌ സ്റ്റാന്റെത്തിയത് അറിഞ്ഞില്ല ,ഉണ്ണിമൂലം റൈറ്റിലേക്കെടുത്തത് ലെഫ്റ്റിലേക്ക് ഇന്റിക്കേറ്ററിട്ടിട്ടായിരുന്നു . ഠേ……..!! ഓരോട്ടോര്‍ഷ വന്നുമ്മവെച്ചു. വാഹനാപകടം. വാഹന നാശം! ഉണ്ണിയുടെ ചിറിയും പല്ലും ഒന്നായി. അംഗ ഭംഗം! അളിയന്‍ അളിയനെ നോക്കി. അരിച്ചാലില് മലര്‍ന്ന് കിടന്നു ചോര ഒഴുക്കി കളയുകയാണ് മഹേഷളിയന്‍. ! ആ കാലും വെച്ച് ഒരാറ് മാസത്തേക്ക് ഒളിച്ചോടാന്‍ പോയിട്ട് ഒളിക്കാന്‍ പോലും പറ്റില്ല. തോളത്തൊരു ഭാഗുമായി ഓടി വരുന്ന പെങ്ങള്‍ . പുന്നാര പെങ്ങള്‍ ആ ട്വിസ്റ്റ്സീന്‍ കണ്ടു ബോധംകെട്ടു മലച്ചുകെട്ടി വീണു! ആതേയിനി രക്ഷയുള്ളൂ എന്ന് അവള്‍ക്കു തോന്നിക്കാണും. അവരുടെ പ്രേമവും നാട്ടുകാരറിഞ്ഞു. മാനഹാനി! ഒളിചോടുകയായിരുന്ന മഹേഷിനെ, ഉണ്ണിമൂലം മനപ്പൂര്‍വ്വം അപായപെടുതാന്‍ ശ്രമിച്ചതാണെന്ന് ചിലര്‍.. .ദുഷ്പ്രചരണം! നാറി നാണക്കേടായ സ്ഥിതിക്ക് എത്രയും പെട്ടന്ന് ഉണ്ണിക്കു ആ കല്യാണം നടത്തി കൊടുക്കേണ്ടി വന്നു. ധനനഷ്ടം! സോമന്‍ പണിക്കരുടെ ഓരോ സ്മാഷും പൊയന്റായി മാറുകയായിരുന്നു . വസന്ത വന്ന കോഴിയെ പോലെയായിരുന്നു ഉണ്ണിമൂലം കല്യാണ പന്തലില്‍ നടന്നിരുന്നത് . സദ്യക്ക് രണ്ടാം പന്തിയില്‍ കാളന്‍ വിളമ്പുമ്പോഴാണ് രമണന്‍, പായസം മോന്തികൊണ്ടിരിക്കുന്ന സോമന്‍ പണിക്കരെ കണ്ടത്. കാളന്റെ കുട്ടിചെമ്പ് മേശപ്പുറത്തു വെച്ച്, സ്പൂണ് ചൂണ്ടി രമണന്‍ ചോദിച്ചു. “പണിക്കരെ സത്യം പറഞ്ഞോ, ആ ഒട്ടോര്‍ഷക്കാരനെ ഇങ്ങള് പൈസ കൊടുത്ത് ഇറക്കീതല്ലേ? “അന്‍റെ ഉണ്ണിക്ക് ഇന്റിക്കേറ്ററിടാന്‍ അറിയാത്തോണ്ടല്ലേ ?, പിന്നെ അതൊരു നിമിത്തം. ജ്യോതിഷം സത്യാണ്.” “പണിക്കര് ഈ അടുത്തെപ്പഴെങ്കിലും സ്വന്തം ജാതകം നോക്കിയിരുന്നോ?” “ഇല്ലാ” “എന്നാ വേഗം പായസം കുടിച്ച് ചിറീം തൊടച്ച് ഓടിക്കോ, ഉണ്ണി ഇങ്ങളെ കണ്ടാ ചെലപ്പോ അതും ഒരു നിമിത്തമാവും. ഇങ്ങള് കവടി നോക്കി പറഞ്ഞ പോലീസ് കേസും , ജയില്‍ വാസവും ബാക്കിണ്ട് “ രമണന്‍ പിന്നെ ആ പന്തിയില്‍ കാളന്‍ വിളമ്പിയില്ല.

No comments: